Sunday, July 13, 2008

ജൂലൈ 4


മലയാളം ഫിലിം
നമ്മുടെ നാട്ടില്‍ കളളപ്പണമുളളവര്‍ സാധാരണ രണ്ടു കാര്യങ്ങളാണ് ചെയ്യാറ്. ഒന്നുകില്‍ ഒരു മത്സ്യബന്ധന ബോട്ട് വാങ്ങും, അല്ലെങ്കില്‍ സിനിമ പിടിക്കും. ഇത്ര മത്സ്യം കിട്ടി എന്ന് കൃത്യമായി കണക്ക് കാട്ടാന്‍ പറ്റില്ല. അതു പോലെ, ഇന്നത്തെ നിലക്ക് ഒരു സിനിമക്ക് ഇത്ര രൂപ മുടക്കി, അല്ലെങ്കില്‍ ഇത്ര രൂപ പോയി എന്ന് കണക്കാക്കുകയും ബുദ്ധിമുട്ടാണ്. അപ്പോള്‍ money laundering-ന് ഇതു രണ്ടുമാണ് ഏറ്റവും പറ്റിയ മാര്‍ഗ്ഗങ്ങള്‍. ജൂലൈ 4 എന്ന സിനിമയുടെ പശ്ചാത്തലമല്ല ഇത്, പൊതുവെ പറഞ്ഞതാണ്. ഈ സിനിമയുടെ കാര്യങ്ങള്‍ ഇനി പറയാം. പക്ഷെ സിനിമ കാണുന്നതിന് മുന്‍പ് കഥ അറിഞ്ഞാല്‍ അത് ആസ്വാദനത്തെ ബാധിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. അത് നിങ്ങള്‍ സാരമാക്കുന്നില്ലാ എങ്കില്‍ മാത്രം ജൂലൈ 4-ന്‍റെ കഥ / തിരക്കഥയുടെ ചില ഭാഗങ്ങള്‍ നോക്കാം.
നായകന്‍, കുട്ടിക്കാലത്ത്, തന്‍റെ അമ്മയെ ബലാത്സംഗം ചെയ്തു കൊന്ന പൊലീസുദ്യോഗസ്ഥനെ കൊന്നിട്ട് നാടുവിടുന്നു. അവന്‍ മുംബൈ അധോലോകത്തിന്‍റെ ഭാഗമാകുന്നു.
ഗുണ്ടയും കൊലയാളിയുമാണെങ്കിലും നായകന്‍ നല്ലവനാണ്. ( നിങ്ങളാരെങ്കിലും ജീവിതത്തില്‍ ഇങ്ങനെയൊരാളെ കണ്ടുമുട്ടുകയാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക )
സ്വത്തു കൈക്കലാക്കാന്‍ വേണ്ടി വില്ലന്‍ തന്‍റെ രണ്ടാം ഭാര്യയേയും അവരുടെ മകളെയും കൊല്ലാന്‍ ശ്രമിക്കുന്നു.
നായികയെ കൊല്ലാന്‍ വില്ലന്മാര്‍ നായകനെ ഏര്‍പ്പെടുത്തുന്നു, എന്നാല്‍ നായകന്‍ മനസ്സു മാറി അവളെ രക്ഷപ്പെടുത്തുന്നു.
നായകന്‍ ദരിദ്രനാണ്, നായിക പണക്കാരിയാണ്. അവര്‍ പ്രേമിക്കുന്നു.
കാട്ടിനുളളില്‍ വെച്ച് നടക്കുന്ന സംഘട്ടനങ്ങള്‍ക്കിടയില്‍ നായികാനായകന്മാര്‍ കൊക്കയിലേക്ക് ചാടുന്നു. താഴെ വെളളത്തില്‍ വീണ്, കരക്കടിഞ്ഞ് ബോധമറ്റു കിടക്കുന്ന അവരെ, കാട്ടില്‍ താമസിക്കുന്ന ഒരാള്‍ രക്ഷപെടുത്തുന്നു. കാട്ടിലെ ഒരു വൈദ്യന്‍ അവരുടെ ഒടിവും ചതവും പച്ചമരുന്നും മറ്റും കെട്ടിവെച്ച് ചികിത്സിച്ച് സുഖപ്പെടുത്തുന്നു.
സിനിമയുടെ പകുതിവെച്ച് നല്ലവരെന്നു നമ്മള്‍ കരുതുന്ന പലരും വില്ലന്മാരായി മാറുന്നു.
ഒടുവില്‍, നായകന്‍ രണ്ടു വില്ലന്മാരുമായി ഏറ്റുമുട്ടുന്നു – ഒരാളെ തിര തീരുന്ന വരെ വെടിവെക്കുന്നു. ഉടനെ രണ്ടാമത്തെ വില്ലന്‍ തോക്ക് പിടിച്ച് വാങ്ങുന്നു; ആ നിമിഷം പൊലീസെത്തുന്നു - രണ്ടാമത്തെ വില്ലനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നു.
എന്‍റെ മുന്നറിയിപ്പ് അവഗണിച്ച് വായിച്ചതിന്‍റെ ഫലം കണ്ടോ? കഥ മൊത്തം ഞാന്‍ പറഞ്ഞില്ലേ? ഇനി നിങ്ങള്‍ എങ്ങിനെ ഈ സിനിമ ആസ്വദിക്കും? നിങ്ങള്‍ക്കു പറ്റിയ ഈ അബദ്ധം മറ്റുളളവര്‍ക്ക് പറ്റരുത്. അതുകൊണ്ട് ദയവായി ഒരു കാര്യം ചെയ്യുക. ‘വിഗതകുമാരന്‍’ മുതല്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുളള സിനിമകളില്‍ ഏതെങ്കിലും ഒന്ന് ഏതെങ്കിലും വീഡിയൊ കടയില്‍ വാടകയ്ക്കോ വില്‍ക്കാനോ വെച്ചിട്ടുണ്ടെങ്കില്‍, അവിടെയൊക്കെ പോയി “ഇതിലേതെങ്കിലും കണ്ടാല്‍ ജൂലൈ 4 ആസ്വദിക്കാനാകില്ല” എന്ന് ഒരു മുന്നറിയിപ്പ് നോട്ടീസ് ഒട്ടിക്കുക.
ഇങ്ങനെ ഇത്രയും പുതിയ കഥയും സംഭവങ്ങളുമുളള സിനിമയിലെ കുറച്ച് സംഭാഷണങ്ങള്‍ ശ്രദ്ധിക്കാം ഇനി.
നായികയുടെ ചേച്ചി നായകനോട് കളളം പറയുന്നു. അതു കളവാണെന്ന് അവളുടെ മുഖത്തു നിന്ന് മനസ്സിലാക്കായിട്ടെന്നവണ്ണം നായകന്‍ പറയുന്നു: “കുട്ടിക്ക് കളളം പറയാനറിയില്ല, അല്ലേ?”. അപ്പോള്‍ നായിക വരുന്നു, ചേച്ചി അവളോടും അസത്യമായി പെരുമാറുന്നു. നായകന്‍റെ തൊട്ടടുത്ത ഡയലോഗ്: “കുട്ടിക്ക് നന്നായി അഭിനയിക്കാനറിയാം, അല്ലേ?” !!!
നായകനെ മൂന്നു വര്‍ഷത്തേക്ക് ജയിലിലാക്കിയിരിക്കുകയാണ്. ജൂലൈ 4-ന് ശിക്ഷ തീരും. അന്ന് നായകന്‍റെ മുറിയുടെ പൂട്ട് തുറന്നുകൊണ്ട് പൊലീസുകാരന്‍: “ഇന്ന് ജൂലൈ 4. നീ മറന്നു, അല്ലേ?” !!! മൂന്നു വര്‍ഷമായി തന്‍റെ കാമുകിയേയും ഓര്‍ത്ത് തടവില്‍ കഴിയുന്ന ഒരാള്‍ എങ്ങനെ തന്നെ പുറത്തു വിടുന്ന തിയതി മറക്കാനാണ്?!?!
ഒരാള്‍ക്ക് ഒരു ബുളളറ്റ് – ഇതാണ് നായകന്‍‌റെ രീതി എന്ന് അയാളുടെ കൂട്ടുകാര്‍ പറയുന്നുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പൊലീസുകാരനെ കൊന്ന ഈ ഉത്തമന്‍, ആത്മാര്‍ത്ഥതയോടെ നായികയോട് അവളെ രക്ഷിക്കാനുണ്ടായ സാഹചര്യം വിവരിക്കുന്നു: “എനിക്ക് ആരെയും കൊല്ലാന്‍ സാധിക്കില്ല.” !!!
അപകടത്തില്‍ പെട്ട് ബോധക്ഷയം സംഭവിച്ച നായികാനായന്മാരെ ഒരു ഡോക്ടര്‍ സുഖപ്പെടുത്തുന്നു. ബൊധം തെളിഞ്ഞ നായകന്‍ ഡോക്ടറോട്: “ഇപ്പോഴത്തെക്കാലത്ത് വേറെ ആരും ചെയ്യാത്ത കാര്യമാണ് താങ്കള്‍ ചെയ്തത്” !!! ഡോക്ടറല്ലാതെ പിന്നെ തയ്യല്‍ക്കാരന് ചികിത്സിക്കാന്‍ പറ്റുമോ? ( കുറച്ച് മുമ്പ് കൊക്കയില്‍ വീണ് കിടന്നപ്പോള്‍ രക്ഷപ്പെടുത്തിയ ആളെ മറന്നത് വേറെ കാര്യം. )
നായികയുടെ കിടപ്പുമുറിയില്‍ കയറി കളളന്മാര്‍ മോഷണശ്രമം നടത്തുന്നു. നായിക ഉണര്‍ന്നപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടുന്നു. നേരം പുലര്‍ന്ന്, ഉച്ച തിരിഞ്ഞ് നായിക ആ കളളന്മാരെ വഴിയില്‍ വെച്ച് കാണുന്നു. അവള്‍ അവരെ ചൂണ്ടിക്കൊണ്ട് നായകനോട്: “ഇവരാണ് അന്ന് എന്‍റെ മുറിയില്‍ കയറിയത്”. തൊട്ട് മുമ്പിലത്തെ രാത്രി ‘അന്ന്’ ആണ്!!!
ഇങ്ങനെയുളള സംഭാഷണങ്ങള്‍ ഇനിയും ഉണ്ടായിരുന്നിരിക്കണം, ചിത്രത്തില്‍. പക്ഷെ നാട്ടുകാരുടെ കൂവല്‍ കാരണം കേള്‍ക്കാന്‍ സാധിച്ചില്ല. ഡബ്ബ് ചെയ്യുന്ന അവസരത്തില്‍ ദിലീപിനെങ്കിലും ഇത്തരം അബദ്ധങ്ങള്‍ കണ്ടുകൂടായിരുന്നോ? രചയിതാക്കള്‍ക്ക് എന്തെങ്കിലും കഴിവോ ആത്മാര്‍ത്ഥതയോ വേണ്ടേ? സിനിമ സംവിധാനം ചെയ്ത ജോഷിയുടെ ലക്ഷ്യം എന്തായിരുന്നു?
Cameraman മദ്യപിച്ചുകൊണ്ടാണോ ജോലി ചെയ്തത് എന്നു സംശയിക്കണം. കാമറയും കൊണ്ട് കാലിടറി വീഴാന്‍ പോകുന്ന പോലെയാണ് പല ഷോട്ടുകളും. കഥാകൃത്തുക്കള്‍ പഴയ സിനിമകളില്‍ നിന്നാണ് കട്ടത്. മോശം! ഞാന്‍ പുതിയ സിനിമയില്‍ നിന്ന് തന്നെ കക്കും, എന്നാണ് സംഗീതസംവിധായകന്‍റെ വാശി.
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളുടെ ഉദ്ദേശം ഒരു നല്ല സിനിമ എന്നതു തന്നെയായിരുന്നിരിക്കണം. പക്ഷെ അവര്‍ അതിനു വേണ്ടി കൂട്ടു പിടിച്ചവര്‍ തെറ്റിപ്പോയി. അതല്ല, ലക്ഷ്യം കറുപ്പ് വെളുപ്പാക്കലാണെങ്കില്‍ ദയവായി നിങ്ങള്‍ ബോട്ടു വാങ്ങുക. മലയാള സിനിമയെ മുക്കരുത്
Courtesy -Malayalam Movie Rivew

No comments: